Saturday, January 22, 2022

നീ ഓർത്തെഴുതുന്ന കവിത.

ഉടലിന്റെ നശ്വരതയിൽ നിന്ന്,

നീയെന്ന അനശ്വരതയിലേക്കുള്ള യാത്രയാണ് ജീവിതം.


ജ്ഞാനത്തിന്റെ മഹാശൈലങ്ങൾ കീഴടക്കി എന്നത് നിന്റെ തെറ്റിദ്ധാരണയാണ്.


വിണ്ടുകീറിയ കാൽപ്പാദങ്ങളുമായി നിനക്കിനിയുമേറെ ഉയരങ്ങളേറാനുണ്ട്.

എനിക്കറിയാം.


നിന്റെ നഷ്ടങ്ങളൊക്കെയും നിന്റെ ആത്മ ത്യാഗങ്ങളാണെന്ന് നീ വീമ്പു പറയുന്നു.


ഒറ്റപ്പെട്ടിരിക്കുന്നു , തോൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നു നീ വിലപിക്കും.


അതു നിന്റെ നാട്യമാണ്.


അനുഭവങ്ങളുടെ സാക്ഷ്യങ്ങൾ നീ നിരത്തും.


എത്ര കൽപ്പടവുകൾക്കുയരത്തിൽ നിന്നും, 

എത്ര ദൂരത്തിൽ നിന്നും,

പതിനായിരം മൈലുകൾക്കകലെ നിന്നാണെങ്കിലും, 

നീ തിരിച്ചു വരും.


ഒരിക്കൽ കയ്യെത്തിപ്പിടിച്ച് കിട്ടിയെന്നായിട്ടും നീ ഉപേക്ഷിച്ചു പോയ,

ഉടമ്പടികളില്ലാത്ത സ്നേഹവും തിരഞ്ഞ്.


അന്നൊരു പക്ഷെ, ഞാനൊരു ശലഭമായി മാറിയിട്ടുണ്ടാകും.


എന്നെ മനസ്സിലോർത്ത് നീ കവിതയെഴുതും.