Saturday, January 22, 2022

നീ ഓർത്തെഴുതുന്ന കവിത.

ഉടലിന്റെ നശ്വരതയിൽ നിന്ന്,

നീയെന്ന അനശ്വരതയിലേക്കുള്ള യാത്രയാണ് ജീവിതം.


ജ്ഞാനത്തിന്റെ മഹാശൈലങ്ങൾ കീഴടക്കി എന്നത് നിന്റെ തെറ്റിദ്ധാരണയാണ്.


വിണ്ടുകീറിയ കാൽപ്പാദങ്ങളുമായി നിനക്കിനിയുമേറെ ഉയരങ്ങളേറാനുണ്ട്.

എനിക്കറിയാം.


നിന്റെ നഷ്ടങ്ങളൊക്കെയും നിന്റെ ആത്മ ത്യാഗങ്ങളാണെന്ന് നീ വീമ്പു പറയുന്നു.


ഒറ്റപ്പെട്ടിരിക്കുന്നു , തോൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നു നീ വിലപിക്കും.


അതു നിന്റെ നാട്യമാണ്.


അനുഭവങ്ങളുടെ സാക്ഷ്യങ്ങൾ നീ നിരത്തും.


എത്ര കൽപ്പടവുകൾക്കുയരത്തിൽ നിന്നും, 

എത്ര ദൂരത്തിൽ നിന്നും,

പതിനായിരം മൈലുകൾക്കകലെ നിന്നാണെങ്കിലും, 

നീ തിരിച്ചു വരും.


ഒരിക്കൽ കയ്യെത്തിപ്പിടിച്ച് കിട്ടിയെന്നായിട്ടും നീ ഉപേക്ഷിച്ചു പോയ,

ഉടമ്പടികളില്ലാത്ത സ്നേഹവും തിരഞ്ഞ്.


അന്നൊരു പക്ഷെ, ഞാനൊരു ശലഭമായി മാറിയിട്ടുണ്ടാകും.


എന്നെ മനസ്സിലോർത്ത് നീ കവിതയെഴുതും.

Tuesday, July 9, 2013

പലായനം

നീ 
ഒരു മൗനത്തിന്റെ അകലത്തിൽ ജ്വലിക്കുന്ന പനിനീർപൂവ്

ഞാൻ 
നിന്നിലേക്കടണർന്നു വീണ് പ്രളയമാകാൻ കൊതിക്കുന്ന
ഒരു പുലർകാല മഞ്ഞു തുള്ളി

പ്രണയം 
കണ്ടിട്ടും കാണാതെ
അറിഞ്ഞിട്ടും അറിയാതെ
കാലത്തിന്റെ തിരശ്ശീലകൾക്കിടയിലുള്ള
ഒളിച്ചു കളി


പലായനം
ഒഴുക്കിനെതിരെ നീന്തിയെത്തിയില്ല.
നക്ഷത്രങ്ങൾ വഴികാട്ടാനുണ്ടായിരുന്നില്ല.
വെളിച്ചമായി നിലാവുണ്ടായിരുന്നില്ല.
പാറക്കെട്ടുകൾ  പ്രഹരങ്ങളേകി.

തീവെയിലിന്റെ ഒരു പകൽ,  പക്ഷെ
എനിക്കായ് കാത്തു നിന്നു.


Monday, July 1, 2013

തുടക്കമോ ഒടുക്കമോ ഇല്ലാതെ പോകുന്ന യാത്രകളുടെ നിർവ്വചനങ്ങൾ

അർദ്ധരാത്രി.   
നീലി പറ മ്പി ന്റെ ഇരുട്ടിലേക്ക് വെളിച്ചം ചിതറിച്ചു കൊണ്ട് 
ഉജ്വലമായി പ്രകാശിച്ചു നില്ക്കുന്ന തെരുവ് വിളക്ക്‌. 
 നേരം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. 
ഇനി ഇവിടെ ആരും ഉറങ്ങാൻ ബാക്കിയില്ല. 
ഞാൻ ഒഴികെ. 


എല്ലാ  സ്റ്റഡി ലീവുകളും ഇങ്ങനെയാണ്. 
നിദ്രയില്ലാത്ത രാത്രികൾ. 
പേടിപ്പെടുത്തുന്ന നിശബ്ദത. 

ഓരോ പരീക്ഷയും ഒരു യാത്രയാണ്.
ഒടുക്കത്തെക്കുറിച്ച് വെവലാതിപ്പെട്ടുകൊണ്ട് 
തുടക്കത്തെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും 
ഓർമ്മയുടെ നാരുകൾ പൊട്ടുന്നു. 
എവിടെയാണ് ഇത് തുടങ്ങുന്നത്? 

കല്ല്‌ പെൻസിലിന്റെയും വെള്ളതണ്ടിന്റെയും നനവൂറുന്ന 
സൗഹൃദത്തിന്റെ ക്ലാസ്സ്‌ മുറികൾ. 
അറ്റം പൊട്ടിയ സ്ലേറ്റിൽ വരച്ചു കൂട്ടിയ ചിത്രങ്ങൾ.  
ചെറുപയറും കഞ്ഞിയുമായി  വായിൽ വെള്ളമൂറുന്ന നട്ടുച്ചകൾ. 
പത്താനയും ഓടിത്തൊട്ടുകളിയും തൊട്ടേറും. 
മുത്തശ്ശൻ മാവ്വിനു താഴെ വട്ടം കൂടിയിരുന്ന്  
കേട്ട കഥകൾ...പഠിച്ച പാട്ടുകൾ. 
ചോറ്റു പാത്രത്തിൽ ഉപ്പുമാവു നിറക്കുമ്പോൾ
 'നാളെ വല്യ പാത്രം കൊണ്ട്വരോണ്ടൂ' എന്ന് 
കണ്ണിറുക്കി സ്വകാര്യം പറയുന്ന ശാന്തേച്ചി.  
സ്വാതന്ത്ര്യത്തിന്റെ നീണ്ട ബെല്ലടിയുമായെത്തുന്ന 'ജനഗണമന'.   

ഇല്ല. 
അവിടുന്നങ്ങോട്ട് 
ഓർമ്മകളുടെ  അടുക്കുകൾ തെറ്റിവീഴുന്നു. 
അവിടവിടെയായി തെളിഞ്ഞും തെളിയാതെയും 
അസുഖകരമായ ചില ദൃശ്യങ്ങൾ. 
കണക്കിൽ മാർക്ക് കുറഞ്ഞു പോയതിനു 
ചുണ്ട് മുറിച്ചു  ചോര വീഴ്ത്തിയ ഒരടി. 
പ്രോഗ്രസ്സ് കാർഡിലെ ചുവന്ന അക്ഷരങ്ങൾ. 
സ്കൂൾ മാറ്റത്തിന്റെ ഒരു മഴക്കാലം. 
ഗദ്ഗദമൊതുക്കി കണ്ണ് നിറച്ചു 
കുഞ്ഞുകുടക്ക് താഴെ 
യാത്രപറയാൻ പോലും മറന്ന് 
കൂട്ടുകാരി പാർവ്വതി.  
മാരമായ വേഗത്തോടെ 
വളഞ്ഞു പുള ഞ്ഞോ ടുന്ന തീവണ്ടിയുടെ കിതപ്പുകൾ. 
സ്ഥാവരങ്ങളെയും പുഴകളെയും കീറിമുറിച്ചു 
കോണ്‍ക്രീറ്റ് എടുപ്പുകളുടെ ആ നഗരത്തിലേക്ക് 
നേരം തെറ്റി ചെന്ന് കയറിയത്....
കാർമൽ കോണ്‍ വെന്റിന്റെ ഹോസ്റ്റൽ മുറിയിൽ 
കരഞ്ഞു തീർത്ത രാത്രികൾ. 
വിഷാദ രോഗത്തിന്റെ മരുന്നുകൾക്കവസാനമുള്ള നീണ്ട ഉറക്കങ്ങൾ. ഡെറ്റോളിന്റെയും അലോപ്പതി മരുന്നുകളുടെയും 
കയ്ക്കുന്ന തീക്ഷ്ണ ഗന്ധങ്ങളിലേക്ക് 
പിടഞ്ഞുണരുന്ന പകലറുതികൾ. 

ഞാനിപ്പോഴും ആ രാത്രിയിലാണ് എന്ന് ചിലപ്പോൾ തോന്നും. 
ഈ രാത്രികൾക്ക് വേണ്ടി ദാഹിക്കുന്ന പകലുകൾ. 
പിന്നീട് പകലുകൾ മാത്രമാണ് പകുതി തെളിയുന്നത്. 
ആർക്കും വേണ്ടാതെ കിടക്കുന്ന ലൈബ്രറിയുടെ ഓരങ്ങളിൽ 
കട്ടിയേറിയ പുസ്തകങ്ങളിൽ ഊളിയിട്ടു കടന്നുപോയ 
ആ പകലുകൾ.  
എന്നിലേക്ക്‌ തന്നെ ഉൾവലിഞ്ഞു നിന്ന 
നിശബ്ദതയുടെ ഒരു ഇടവേള. 
കോളേജിന്റെ വരാന്തകളെ  പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങൾ. വിപ്ലവബോധതിന്റെ ഉണർത്തു പാട്ടിലേക്ക് 
ഞാൻ പിടഞ്ഞുണരുന്നതു പിന്നെയും വൈകി വന്ന 
ഏതോ ഒരു പകലിലാണ്. 
ഒടുങ്ങാത്ത പ്രണയങ്ങളുടെ ആ മഹാഭൂമികയിലാണ് 
എന്റെ ആദ്യ പ്രേമവും മിഴി തുറക്കുന്നത്. 
ഇൻറ്റേണൽ അസ്സെസ്സ്മെന്റുകളുടെയും 
സപ്ലിമെന്റ റി പരീക്ഷകൾക്കുമിടക്ക് 
ഒന്നിനും സമയമില്ലാതെ 'ഭാവി' എന്ന മിഥ്യയുമായി 
എന്റെ പകലുകളും രാത്രികളും ഒടുങ്ങിയകന്നു. 

ആർക്കും അവകാശപ്പെടാനില്ലാത്ത 
എന്റെ ഒരേയൊരു മൂലധനം 
ഈ രാത്രികളും പകലുകളുമാണ്. 
നിരതെറ്റി 
അടുക്കുതെറ്റി 
ചിതറിവീണ ഓർമ്മകൾ.  
Rushes of my LiFE!!!

Friday, June 7, 2013

പ്രൊഫെഷനലിസം

ലവലേശം ആത്മാർത്ഥത ഇല്ലാത്ത ചിരി. പെരുമാറ്റം.
താൻ ഈ ജോലിയിൽ ഒരു വിദഗ്ധനാണെന്നു വരുത്തിത്തീർക്കാനുള്ള
വിഫല ശ്രമം.
മുൻപ് ചെയ്തിരുന്ന ഉയർന്ന ജോലിയുടെയും തസ്തികയുടെയും പോരിശ പറഞ്ഞ് എല്ലാവരെയും ഉപദേശിച്ച് പുളകം കൊള്ളുക.

എ സി റൂമിലെ അല്പത്വം. അഹന്ത.

പ്രോഫെഷനലിസം. മണ്ണാങ്കട്ട! 

Friday, December 24, 2010

6528 കണ്ണൂര്‍ -യശ്വന്തപുരം എക്സ്പ്രസ്സ്‌ (WL /01 )

അപ്രധാനമായ ഒരു ദിവസം കൂടി കടന്നു പോകുന്നു.
തീരുമാനങ്ങള്‍, അവ നിരന്തരമായി ഉണ്ടാകുന്നുണ്ട്. പക്ഷെ അതൊന്നും അതിന്‍റെ സാഫല്യത്തിലേക്ക് എത്തുന്നില്ല.

താന്‍ ജനിച്ചു വളര്‍ന്ന, തന്‍റേതായ ഒരു ലോകത്തില്‍ നിന്ന് വേര്‍പെട്ടു പോന്നത് വേണമെന്ന് വെച്ചിട്ടല്ല. ജോലിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. ഒരു നല്ല ജോലി ഒരു നല്ല ജീവിതത്തിലേക്കുള്ള വഴിയാണെന്ന തോന്നല്‍.
ഒരു യാത്രയും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം അതിന്‍റെ നേര്‍ക്ക്‌ നേര്‍ വെച്ച് അറിയുക. ഒന്നിനെയും കുറിച്ച് അനാവശ്യമായ പ്രതീക്ഷകളോ, അഭിപ്രായങ്ങളോ ഇല്ലാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഒന്നിനു വേണ്ടിയും ഞാന്‍ കാത്തിരിക്കുന്നില്ല.

യശ്വന്തപുരം.
ജീര്‍ണ്ണിച്ചു നാറ്റം വമിക്കുന്ന ഈ റോഡിനപ്പുറം ഇരുമ്പ് പാലത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളുടെ ദയനീയമായ വിലാപങ്ങളില്‍ ഞെട്ടിയുണര്‍ന്നു പകച്ച്‌, വീണ്ടും ഉറക്കത്തിലേക്കു വീണുപോകുന്ന യശ്വന്തപുരം.
നിദ്രാഭംഗങ്ങളുടെ, സ്വപ്നക്ഷതങ്ങളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടത്തുകാരുടെ രാവുകള്‍.
ഒരിക്കല്‍ ജീവന്‍ ഒരു കഥ അയച്ചു തന്നത് ഓര്‍മ്മയുണ്ട്. ഇന്ത്യ ടുഡേ യില്‍ പ്രസിദ്ധീകരിച്ചതാണ്. അവന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറുടെ മകള്‍ എഴുതിയ കഥ. '114 F ബൈപനഹള്ളി റെയില്‍വേ കോളനി'. റെയില്‍വേ കോളനിയിലെ ജീവിതമാണ് ഇതിവൃത്തം. ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളാണ് കഥ. റെയില്‍വേ ക്വാ൪ട്ടേഴ്സുകളെക്കുറിച്ച് അന്ന് ചിന്തിക്കാന്‍ തുടങ്ങിയതാണ്‌. അവിടത്തെ ജീവിതം എങ്ങനെയാണ്, എപ്പോഴും ചൂളം വിളികളും, തീവണ്ടിയുടെ കിതപ്പും കേട്ട് ജീവിക്കെണ്ടിവന്നാല്‍ ആ അവസ്ഥ എങ്ങനെയുണ്ടാകും എന്നൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഞാന്‍ ചില റെയില്‍വേ ടെസ്റ്റുകള്‍ പോലും എഴുതിയത് ആ കൌതുകം കൊണ്ട് മാത്രമാണ്.
മഴ.
യാശ്വന്തപുരത്തിന്‍റെ അഴുക്കുകള്‍ കഴുകിത്തുടക്കുവാനൊരു ശ്രമം നടത്തി. റെയില്‍വേ സ്റ്റേഷന്‍ ശാന്തമായിരുന്നു. ഓരോദിവസവും എന്നെ ഒരുപാട് ചിന്തിപ്പിച്ചുകൊണ്ടാണ് കടന്നു പോകുന്നത്. എന്‍റെ എല്ലാ സ്വഭാവ വൈരൂപ്യങ്ങളെയും കൂട്ടുകാരന്‍ തുറന്നു കാട്ടുന്നുണ്ട്. എനിക്ക് സ്വയം മാറാതെ തരമില്ല. എന്‍റെ വ്യക്തിത്വം അങ്ങനെ നിരന്തരം ശുദ്ധീകരണത്തിനു വിധേയമാവുന്നു.

ഇവിടെ, അത്ര വലിയ തിരക്കൊന്നും എനിക്കില്ല. ഈ നഗരത്തിന്‍റെ വെള്ളക്കോളര്‍ സൈന്യത്തില്‍ റിക്റൂട്ട് മെന്‍റ് തേടി വന്ന എനിക്ക് അത് അനാവശ്യമായി വൈകുന്നതിലുള്ള വിഷമമുണ്ട്. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, ഈ നഗരത്തിന്‍റെ ഊടുവഴികളില്‍ സ്വയം ഊര്‍ന്നിറങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ ഞാന്‍ മാത്രമായി എന്തെങ്കിലും ആകുന്നുണ്ടോ? അല്ലെങ്കില്‍ എനിക്ക് മാത്രമായി എന്തെങ്കിലും ആകാന്‍ കഴിയുമോ?

വളരെ ആകര്‍ഷകമായ വ്യക്തിത്വം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത, കൃത്യമായി ഓര്‍മ്മിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ഏകാന്തമായ സായാഹ്നങ്ങളെ എനിക്ക് പരിചയമില്ല. എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒച്ച വെച്ച് നടന്നു ഞാന്‍ ശീലിച്ചു പോയി.
ഒറ്റപ്പെട്ടിട്ടുണ്ട്. പലതവണ.
ഒന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല. യശ്വന്തപുരം ഒരിക്കലും ഒരുകാല്പാടുകളും ഓര്‍ത്തു വെക്കുന്നില്ല. എല്ലാ നഗരങ്ങളെയും പോലെ അത് പുതിയ കാലടികള്‍ക്കായി നിരന്തരം ദാഹിക്കുന്നു.

എന്‍റെ യാത്രകള്‍, എന്‍റെ ചിന്തകളെപ്പോലെ, എന്‍റെ കിനാവുകള്‍ പോലെ എന്‍റെ പ്രണയം പോലെ അനന്തമാണ്‌. ഒന്നും അവസാനിക്കാന്‍ വേണ്ടി ആരംഭിക്കുന്നില്ല. എല്ലാറ്റിനും വേഗമേറിയ ഒരു പരിവര്‍ത്തനത്തിന്‍റെ, പലായനത്തിന്‍റെ സ്വഭാവമുണ്ട്.

യാത്ര, ഇനി ഇതു നഗരത്തിലെക്കാണെന്ന് അറിയില്ല. ഈ നഗരത്തില്‍ സുനിഷേട്ടനെ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ഒരായുഷ്കാലം മുഴുവന്‍ ചിലവാക്കിയാലും കണ്ടു തീര്‍ക്കാന്‍ കഴിയാത്തത്ര നഗരങ്ങള്‍ നമ്മുടെ ലോകത്തിലുണ്ടല്ലോ. എവിടെയും ഒരു സുനിഷേട്ടനെ കാണാന്‍ കഴിയുമെന്ന് ആശിക്കുന്നു.

ജീവിതം.
എന്തിന്‍റെയൊക്കെയോ പുറകെ അലഞ്ഞു നടക്കുകയാണ്.
അനുയാനമാണോ ജീവിതം?
എന്തൊക്കെയോ തേടി, എന്തിന്‍റെയൊക്കെയോ പുറകെ, നിരന്തരമായി അനുധാവനം ചെയ്യുക?

നിങ്ങള്‍ക്കറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരൂ.

ഒരു നിലവിളി. മറ്റു ജീവിതങ്ങളിലേക്കുള്ള, മനസ്സാക്ഷികളിലേക്കുള്ള ബാഹ്യമായ ഒരിടപെടലാണ്.
















ഒരു നിലവിളി.

മറ്റു ജീവിതങ്ങളിലേക്കുള്ള, മനസ്സാക്ഷികളിലേക്കുള്ള
ബാഹ്യമായ ഒരിടപെടലാണ്.

ശിവകാമി, പക്ഷെ ഒരു ഇടപെടല്‍ മാത്രമല്ല. ഒരു ശൂന്യതാ ബോധത്തിന്‍റെ അപാരമായ നിരാലംബതയില്‍ പെട്ടെന്ന് തെളിഞ്ഞു പടര്‍ന്ന ഒരു പെണ്‍നിഴലാണ്. നിഴലുകളെ ക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴി വെക്കുന്നു. ഇരുട്ട് വെളിച്ചത്തെയും, വെളിച്ചം ഇരുട്ടിനെയും കിനാവ്‌ കാണുന്നുവെന്ന് നമുക്ക് ഒടുവില്‍ സിദ്ധാന്തിക്കാം. അതെന്തോ ആവട്ടെ, നമുക്ക് നിലവിളിയിലേക്ക് തിരിച്ചു വരാം. കാരണം, ശിവകാമി അവിടെയാണുള്ളത്‌. ഓര്‍മ്മ തളര്‍ന്നുറങ്ങിയ ഒരു വിനാഴികയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നത് ആ നിലവിളിയി ലേക്കാണ്. ശിവകാമിയിലേക്കാണ്.

തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചതുപോലെ നില്‍ക്കുന്ന റെയില്‍വേ ക്വാ൪ ട്ടേ ഴ്സുക ളില്‍, ഗംഗയ്യന്‍റെ വീട് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ശിവകാമിയുടെ വട്ട മുഖമാണ്. ഏകദേശം ഒരു വ൪ഷം മുമ്പാണ് ഗംഗയ്യനെ ശിവകാമിക്ക് നഷ്ടമായത്. അന്നും പതിവുപോലെ ഗംഗയ്യന്‍ ഡ്യൂട്ടിക്ക് പോയതാണ്. തീവണ്ടിയില്‍ ഡ്രൈവര്‍ ആയിരുന്നല്ലോ അയാള്‍. തന്‍റെ വീടിനു മുന്നിലൂടെ പോകുന്ന തീവണ്ടിപ്പാളത്തില്‍ അ൪ദ്ധോകതിയില്‍ അവസാനിച്ച ഒരു ചൂളം വിളിയോടോപ്പമാണ് ഗംഗയ്യന്‍ നേ൪ത്തില്ലാതായതെന്ന് ശിവകാമി പിന്നീടറിഞ്ഞു.

അന്ന് തുടങ്ങിയതാണ്‌, സ൪ട്ടിഫിക്ക ററുകളും താങ്ങി റെയില്‍വേ ഓഫീസുകളിലൂടെയുള്ള യാത്ര. ഗംഗയന്‍റെതായി അവള്‍ക്കു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനായി എവിടെയൊക്കെ അവള്‍ പോയി, കരഞ്ഞു, കാലുപിടിച്ചു!. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ഓഫീസര്‍ ആണ് ഉപായം പറഞ്ഞു കൊടുത്തത്. ശിവകാമി പാവമായിരുന്നു. അവള്‍ക്കു അനുസരിക്കാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല.

അന്ന് രാത്രി മൂന്നു മണിക്കൂര്‍ വൈകിയാണ് കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഓടിയത്. അതിവേഗതയില്‍ ചലിക്കുന്ന തീവണ്ടിയുടെ എന്ജിനുള്ളില്‍ നിന്ന് അസ്സിസ്ട൯റ് ഡ്രൈവര്‍ ശരിക്കും ശ്രദ്ധിച്ചു. ഒരു പെണ്ണിന്‍റെ നിഴല്‍ പെട്ടന്ന് വണ്ടിക്കു മുന്നിലേക്ക്‌ പറന്നു വീഴുന്നതും, ചെമ്പരത്തിയുടെ ഇതളുകള്‍ വിതറുന്നത് പോലെ ചോരത്തുള്ളികള്‍ ചിതറിച്ചു എങ്ങോട്ടോ തെറിച്ചു പോകുന്നതും. ഉച്ചത്തിലുള്ള ചൂളം കുത്തലില്‍ ഒരു നിലവിളി നേര്‍ത്ത് ഇല്ലാതാവുന്നതും അയാളറിഞ്ഞു.

എന്‍റെ ജീവിതത്തിലേക്കും അവസാനമായി ശിവകാമിയില്‍ നിന്ന് ലഭിച്ച ബാഹ്യമായ ഇടപെടല്‍ - ആ നിലവിളിയാണ്.