അപ്രധാനമായ ഒരു ദിവസം കൂടി കടന്നു പോകുന്നു.തീരുമാനങ്ങള്‍, അവ നിരന്തരമായി ഉണ്ടാകുന്നുണ്ട്. പക്ഷെ അതൊന്നും അതിന്‍റെ സാഫല്യത്തിലേക്ക് എത്തുന്നില്ല.
താന്‍ ജനിച്ചു വളര്‍ന്ന, തന്‍റേതായ ഒരു ലോകത്തില്‍ നിന്ന് വേര്‍പെട്ടു പോന്നത് വേണമെന്ന് വെച്ചിട്ടല്ല. ജോലിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. ഒരു നല്ല ജോലി ഒരു നല്ല ജീവിതത്തിലേക്കുള്ള വഴിയാണെന്ന തോന്നല്‍.
ഒരു യാത്രയും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. എല്ലാം അതിന്‍റെ നേര്‍ക്ക് നേര്‍ വെച്ച് അറിയുക. ഒന്നിനെയും കുറിച്ച് അനാവശ്യമായ പ്രതീക്ഷകളോ, അഭിപ്രായങ്ങളോ ഇല്ലാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ഒന്നിനു വേണ്ടിയും ഞാന്‍ കാത്തിരിക്കുന്നില്ല.
യശ്വന്തപുരം.
ജീര്‍ണ്ണിച്ചു നാറ്റം വമിക്കുന്ന ഈ റോഡിനപ്പുറം ഇരുമ്പ് പാലത്തിലൂടെ കടന്നു പോകുന്ന തീവണ്ടികളുടെ ദയനീയമായ വിലാപങ്ങളില്‍ ഞെട്ടിയുണര്‍ന്നു പകച്ച്, വീണ്ടും ഉറക്കത്തിലേക്കു വീണുപോകുന്ന യശ്വന്തപുരം.
നിദ്രാഭംഗങ്ങളുടെ, സ്വപ്നക്ഷതങ്ങളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടത്തുകാരുടെ രാവുകള്‍.
ഒരിക്കല്‍ ജീവന്‍ ഒരു കഥ അയച്ചു തന്നത് ഓര്‍മ്മയുണ്ട്. ഇന്ത്യ ടുഡേ യില്‍ പ്രസിദ്ധീകരിച്ചതാണ്. അവന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറുടെ മകള്‍ എഴുതിയ കഥ. '114 F ബൈപനഹള്ളി റെയില്‍വേ കോളനി'. റെയില്‍വേ കോളനിയിലെ ജീവിതമാണ് ഇതിവൃത്തം. ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളാണ് കഥ. റെയില്‍വേ ക്വാ൪ട്ടേഴ്സുകളെക്കുറിച്ച് അന്ന് ചിന്തിക്കാന്‍ തുടങ്ങിയതാണ്. അവിടത്തെ ജീവിതം എങ്ങനെയാണ്, എപ്പോഴും ചൂളം വിളികളും, തീവണ്ടിയുടെ കിതപ്പും കേട്ട് ജീവിക്കെണ്ടിവന്നാല്‍ ആ അവസ്ഥ എങ്ങനെയുണ്ടാകും എന്നൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഞാന്‍ ചില റെയില്‍വേ ടെസ്റ്റുകള്‍ പോലും എഴുതിയത് ആ കൌതുകം കൊണ്ട് മാത്രമാണ്.
മഴ.
യാശ്വന്തപുരത്തിന്‍റെ അഴുക്കുകള്‍ കഴുകിത്തുടക്കുവാനൊരു ശ്രമം നടത്തി. റെയില്‍വേ സ്റ്റേഷന്‍ ശാന്തമായിരുന്നു. ഓരോദിവസവും എന്നെ ഒരുപാട് ചിന്തിപ്പിച്ചുകൊണ്ടാണ് കടന്നു പോകുന്നത്. എന്‍റെ എല്ലാ സ്വഭാവ വൈരൂപ്യങ്ങളെയും കൂട്ടുകാരന്‍ തുറന്നു കാട്ടുന്നുണ്ട്. എനിക്ക് സ്വയം മാറാതെ തരമില്ല. എന്‍റെ വ്യക്തിത്വം അങ്ങനെ നിരന്തരം ശുദ്ധീകരണത്തിനു വിധേയമാവുന്നു.
ഇവിടെ, അത്ര വലിയ തിരക്കൊന്നും എനിക്കില്ല. ഈ നഗരത്തിന്‍റെ വെള്ളക്കോളര്‍ സൈന്യത്തില്‍ റിക്റൂട്ട് മെന്‍റ് തേടി വന്ന എനിക്ക് അത് അനാവശ്യമായി വൈകുന്നതിലുള്ള വിഷമമുണ്ട്. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, ഈ നഗരത്തിന്‍റെ ഊടുവഴികളില്‍ സ്വയം ഊര്‍ന്നിറങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ ഞാന്‍ മാത്രമായി എന്തെങ്കിലും ആകുന്നുണ്ടോ? അല്ലെങ്കില്‍ എനിക്ക് മാത്രമായി എന്തെങ്കിലും ആകാന്‍ കഴിയുമോ?
വളരെ ആകര്‍ഷകമായ വ്യക്തിത്വം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത, കൃത്യമായി ഓര്‍മ്മിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ഏകാന്തമായ സായാഹ്നങ്ങളെ എനിക്ക് പരിചയമില്ല. എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒച്ച വെച്ച് നടന്നു ഞാന്‍ ശീലിച്ചു പോയി.
ഒറ്റപ്പെട്ടിട്ടുണ്ട്. പലതവണ.
ഒന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല. യശ്വന്തപുരം ഒരിക്കലും ഒരുകാല്പാടുകളും ഓര്‍ത്തു വെക്കുന്നില്ല. എല്ലാ നഗരങ്ങളെയും പോലെ അത് പുതിയ കാലടികള്‍ക്കായി നിരന്തരം ദാഹിക്കുന്നു.
എന്‍റെ യാത്രകള്‍, എന്‍റെ ചിന്തകളെപ്പോലെ, എന്‍റെ കിനാവുകള്‍ പോലെ എന്‍റെ പ്രണയം പോലെ അനന്തമാണ്. ഒന്നും അവസാനിക്കാന്‍ വേണ്ടി ആരംഭിക്കുന്നില്ല. എല്ലാറ്റിനും വേഗമേറിയ ഒരു പരിവര്‍ത്തനത്തിന്‍റെ, പലായനത്തിന്‍റെ സ്വഭാവമുണ്ട്.
യാത്ര, ഇനി ഇതു നഗരത്തിലെക്കാണെന്ന് അറിയില്ല. ഈ നഗരത്തില്‍ സുനിഷേട്ടനെ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ഒരായുഷ്കാലം മുഴുവന്‍ ചിലവാക്കിയാലും കണ്ടു തീര്‍ക്കാന്‍ കഴിയാത്തത്ര നഗരങ്ങള്‍ നമ്മുടെ ലോകത്തിലുണ്ടല്ലോ. എവിടെയും ഒരു സുനിഷേട്ടനെ കാണാന്‍ കഴിയുമെന്ന് ആശിക്കുന്നു.
ജീവിതം.
എന്തിന്‍റെയൊക്കെയോ പുറകെ അലഞ്ഞു നടക്കുകയാണ്.
അനുയാനമാണോ ജീവിതം?
എന്തൊക്കെയോ തേടി, എന്തിന്‍റെയൊക്കെയോ പുറകെ, നിരന്തരമായി അനുധാവനം ചെയ്യുക?
നിങ്ങള്‍ക്കറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരൂ.
