Tuesday, July 9, 2013

പലായനം

നീ 
ഒരു മൗനത്തിന്റെ അകലത്തിൽ ജ്വലിക്കുന്ന പനിനീർപൂവ്

ഞാൻ 
നിന്നിലേക്കടണർന്നു വീണ് പ്രളയമാകാൻ കൊതിക്കുന്ന
ഒരു പുലർകാല മഞ്ഞു തുള്ളി

പ്രണയം 
കണ്ടിട്ടും കാണാതെ
അറിഞ്ഞിട്ടും അറിയാതെ
കാലത്തിന്റെ തിരശ്ശീലകൾക്കിടയിലുള്ള
ഒളിച്ചു കളി


പലായനം
ഒഴുക്കിനെതിരെ നീന്തിയെത്തിയില്ല.
നക്ഷത്രങ്ങൾ വഴികാട്ടാനുണ്ടായിരുന്നില്ല.
വെളിച്ചമായി നിലാവുണ്ടായിരുന്നില്ല.
പാറക്കെട്ടുകൾ  പ്രഹരങ്ങളേകി.

തീവെയിലിന്റെ ഒരു പകൽ,  പക്ഷെ
എനിക്കായ് കാത്തു നിന്നു.


Monday, July 1, 2013

തുടക്കമോ ഒടുക്കമോ ഇല്ലാതെ പോകുന്ന യാത്രകളുടെ നിർവ്വചനങ്ങൾ

അർദ്ധരാത്രി.   
നീലി പറ മ്പി ന്റെ ഇരുട്ടിലേക്ക് വെളിച്ചം ചിതറിച്ചു കൊണ്ട് 
ഉജ്വലമായി പ്രകാശിച്ചു നില്ക്കുന്ന തെരുവ് വിളക്ക്‌. 
 നേരം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. 
ഇനി ഇവിടെ ആരും ഉറങ്ങാൻ ബാക്കിയില്ല. 
ഞാൻ ഒഴികെ. 


എല്ലാ  സ്റ്റഡി ലീവുകളും ഇങ്ങനെയാണ്. 
നിദ്രയില്ലാത്ത രാത്രികൾ. 
പേടിപ്പെടുത്തുന്ന നിശബ്ദത. 

ഓരോ പരീക്ഷയും ഒരു യാത്രയാണ്.
ഒടുക്കത്തെക്കുറിച്ച് വെവലാതിപ്പെട്ടുകൊണ്ട് 
തുടക്കത്തെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും 
ഓർമ്മയുടെ നാരുകൾ പൊട്ടുന്നു. 
എവിടെയാണ് ഇത് തുടങ്ങുന്നത്? 

കല്ല്‌ പെൻസിലിന്റെയും വെള്ളതണ്ടിന്റെയും നനവൂറുന്ന 
സൗഹൃദത്തിന്റെ ക്ലാസ്സ്‌ മുറികൾ. 
അറ്റം പൊട്ടിയ സ്ലേറ്റിൽ വരച്ചു കൂട്ടിയ ചിത്രങ്ങൾ.  
ചെറുപയറും കഞ്ഞിയുമായി  വായിൽ വെള്ളമൂറുന്ന നട്ടുച്ചകൾ. 
പത്താനയും ഓടിത്തൊട്ടുകളിയും തൊട്ടേറും. 
മുത്തശ്ശൻ മാവ്വിനു താഴെ വട്ടം കൂടിയിരുന്ന്  
കേട്ട കഥകൾ...പഠിച്ച പാട്ടുകൾ. 
ചോറ്റു പാത്രത്തിൽ ഉപ്പുമാവു നിറക്കുമ്പോൾ
 'നാളെ വല്യ പാത്രം കൊണ്ട്വരോണ്ടൂ' എന്ന് 
കണ്ണിറുക്കി സ്വകാര്യം പറയുന്ന ശാന്തേച്ചി.  
സ്വാതന്ത്ര്യത്തിന്റെ നീണ്ട ബെല്ലടിയുമായെത്തുന്ന 'ജനഗണമന'.   

ഇല്ല. 
അവിടുന്നങ്ങോട്ട് 
ഓർമ്മകളുടെ  അടുക്കുകൾ തെറ്റിവീഴുന്നു. 
അവിടവിടെയായി തെളിഞ്ഞും തെളിയാതെയും 
അസുഖകരമായ ചില ദൃശ്യങ്ങൾ. 
കണക്കിൽ മാർക്ക് കുറഞ്ഞു പോയതിനു 
ചുണ്ട് മുറിച്ചു  ചോര വീഴ്ത്തിയ ഒരടി. 
പ്രോഗ്രസ്സ് കാർഡിലെ ചുവന്ന അക്ഷരങ്ങൾ. 
സ്കൂൾ മാറ്റത്തിന്റെ ഒരു മഴക്കാലം. 
ഗദ്ഗദമൊതുക്കി കണ്ണ് നിറച്ചു 
കുഞ്ഞുകുടക്ക് താഴെ 
യാത്രപറയാൻ പോലും മറന്ന് 
കൂട്ടുകാരി പാർവ്വതി.  
മാരമായ വേഗത്തോടെ 
വളഞ്ഞു പുള ഞ്ഞോ ടുന്ന തീവണ്ടിയുടെ കിതപ്പുകൾ. 
സ്ഥാവരങ്ങളെയും പുഴകളെയും കീറിമുറിച്ചു 
കോണ്‍ക്രീറ്റ് എടുപ്പുകളുടെ ആ നഗരത്തിലേക്ക് 
നേരം തെറ്റി ചെന്ന് കയറിയത്....
കാർമൽ കോണ്‍ വെന്റിന്റെ ഹോസ്റ്റൽ മുറിയിൽ 
കരഞ്ഞു തീർത്ത രാത്രികൾ. 
വിഷാദ രോഗത്തിന്റെ മരുന്നുകൾക്കവസാനമുള്ള നീണ്ട ഉറക്കങ്ങൾ. ഡെറ്റോളിന്റെയും അലോപ്പതി മരുന്നുകളുടെയും 
കയ്ക്കുന്ന തീക്ഷ്ണ ഗന്ധങ്ങളിലേക്ക് 
പിടഞ്ഞുണരുന്ന പകലറുതികൾ. 

ഞാനിപ്പോഴും ആ രാത്രിയിലാണ് എന്ന് ചിലപ്പോൾ തോന്നും. 
ഈ രാത്രികൾക്ക് വേണ്ടി ദാഹിക്കുന്ന പകലുകൾ. 
പിന്നീട് പകലുകൾ മാത്രമാണ് പകുതി തെളിയുന്നത്. 
ആർക്കും വേണ്ടാതെ കിടക്കുന്ന ലൈബ്രറിയുടെ ഓരങ്ങളിൽ 
കട്ടിയേറിയ പുസ്തകങ്ങളിൽ ഊളിയിട്ടു കടന്നുപോയ 
ആ പകലുകൾ.  
എന്നിലേക്ക്‌ തന്നെ ഉൾവലിഞ്ഞു നിന്ന 
നിശബ്ദതയുടെ ഒരു ഇടവേള. 
കോളേജിന്റെ വരാന്തകളെ  പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങൾ. വിപ്ലവബോധതിന്റെ ഉണർത്തു പാട്ടിലേക്ക് 
ഞാൻ പിടഞ്ഞുണരുന്നതു പിന്നെയും വൈകി വന്ന 
ഏതോ ഒരു പകലിലാണ്. 
ഒടുങ്ങാത്ത പ്രണയങ്ങളുടെ ആ മഹാഭൂമികയിലാണ് 
എന്റെ ആദ്യ പ്രേമവും മിഴി തുറക്കുന്നത്. 
ഇൻറ്റേണൽ അസ്സെസ്സ്മെന്റുകളുടെയും 
സപ്ലിമെന്റ റി പരീക്ഷകൾക്കുമിടക്ക് 
ഒന്നിനും സമയമില്ലാതെ 'ഭാവി' എന്ന മിഥ്യയുമായി 
എന്റെ പകലുകളും രാത്രികളും ഒടുങ്ങിയകന്നു. 

ആർക്കും അവകാശപ്പെടാനില്ലാത്ത 
എന്റെ ഒരേയൊരു മൂലധനം 
ഈ രാത്രികളും പകലുകളുമാണ്. 
നിരതെറ്റി 
അടുക്കുതെറ്റി 
ചിതറിവീണ ഓർമ്മകൾ.  
Rushes of my LiFE!!!